സിം കാർഡോ ഇന്‍റർനെറ്റോ ഇല്ലാതെ മൊബൈലിൽ വിഡിയോ കാണാം!
സിം കാർഡും ഇന്റർനെറ്റും ഇല്ലാതെ വിഡിയോകൾ മൊബൈലിൽ സ്ട്രീം ചെയ്യാൻ വഴിയൊരുങ്ങുന്നു. ടിവി ചാനലുകൾ ആസ്വദിക്കുന്നത് പോലെ മൊബൈൽ ഫോണിൽ ടിവി ചാനലുകൾ ആസ്വദിക്കാനാകും. ഡാറ്റാ നിരക്കുകളില്ലാതെ ഒടിടി കാണാനാകും. ഡയറക്റ്റ്-ടു-മൊബൈൽ ബ്രോഡ്കാസ്റ്റിങ് ഉടൻ യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്. ഈ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ഉടൻ 19 നഗരങ്ങളിൽ നടക്കുമെന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.
സാംഖ്യ ലാബ്‌സ് എന്ന വയർലെസ് കമ്യൂണിക്കേഷൻ ആൻഡ് സെമികണ്ടക്ടർ സൊല്യൂഷൻസ് കമ്പനിയുമായി ചേർന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. സാംഖ്യ ലാബ്‌സും ഐഐടി കാൺപൂരും ചേർന്നാണ് D2M ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. മൊബൈൽ യൂണികാസ്റ്റ് നെറ്റ്‌വർക്കുകളുമായി സംയോജിച്ച് വൺ-ടു-ഇൻഫിനൈറ്റ് ആർക്കിടെക്ചർ പ്രയോജനപ്പെടുത്തി ലീനിയർ, ഒടിടി വിഡിയോ സേവനങ്ങൾ നൽകാൻ സാംഖ്യയുടെ ബ്രോഡ്കാസ്റ്റിംഗ് സൊല്യൂഷൻ “സ്മാർട്ട്” പൈപ്പുകൾ ഉപയോഗിക്കും.
രാജ്യത്ത് 80 കോടിയിലധികം സ്‌മാർട്ട്‌ഫോണുകൾ നിലവിലുണ്ട്. ഉപയോക്താക്കൾ ആക്‌സസ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ 69 ശതമാനവും വിഡിയോ ഫോർമാറ്റിലാണ്. അതിനാൽ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ഇടയ്ക്ക് തടസം നേരിടുന്നത് പതിവാണെന്നും ഇതാണ് വിഡിയോകൾ ബഫറിങ്ങിന് ഇടയാക്കുന്നതെന്നും അപൂർവ ചന്ദ്ര പറയുന്നു. ഒരു ബില്യണിലധികം മൊബൈൽ ഉപകരണങ്ങളിലേക്ക് എത്താൻ D2M ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രവർത്തനങ്ങൾ ഇങ്ങനെ:
∙സ്മാർട്ഫോണിൽ അധികമായി ചിപ്പുകളോ ഡോംഗിളോ ചേർക്കേണ്ടി വരും.
∙തുടക്കത്തിൽ ഫോണുകളിൽ വിഡിയോകൾ ലഭിക്കുന്ന ഡോംഗിളുകള്‍ വിപണിയിലേക്കെത്തിയേക്കും.
∙ 470-582 മെഗാഹെർട്‌സിന്റെ സ്‌പെക്‌ട്രം മുഴുവനായും ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് സൂചന
∙വിഡിയോ ട്രാഫിക്കിന്റെ 30 ശതമാനത്തോളം ഡിടുഎമ്മിലേക്ക് മാറ്റുന്നത് 5G നെറ്റ്‌വർക്കുകളിലെ തിരക്ക് കുറയാൻ സഹായിക്കും.