സാറ്റലൈറ്റിൽ നിന്ന് അതിവേഗ ഇന്റർനെറ്റ് നേരിട്ട് സ്മാര്‍ട് ഫോണിലേക്ക് !

സാറ്റലൈറ്റിൽ നിന്ന് അതിവേഗ ഇന്റർനെറ്റ് നേരിട്ട് സ്മാര്‍ട് ഫോണിലേക്ക് !

Elon Musk’s SpaceX will allow smartphones to directly connect with Starlink: Report

മൊബൈല്‍ ഉപകരണങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംവിധാനങ്ങൾ പരിഗണിക്കുകയാണ് സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്കും. നിലവില്‍ വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്കൊന്നും സ്മാര്‍ട് ഫോണുകളിലേക്കോ ചെറിയ ഉപകരണങ്ങളിലേക്കോ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശേഷിയില്ല. അതേസമയം, ഉപഗ്രഹങ്ങൾ വഴി ഇന്റര്‍നെറ്റ് എത്തിക്കുന്ന രീതിക്കു പ്രചാരം നേടാനായാല്‍ അത് മറ്റൊരു വിപ്ലവത്തിനു തന്നെ വഴിവച്ചേക്കാം.

സാറ്റലൈറ്റ് അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്കിന് വരും വർഷങ്ങളിൽ കൂടുതൽ ആക്‌സസ് ലഭ്യമാക്കാൻ കഴിഞ്ഞേക്കും. സ്പേസ്എക്സിന് 7,500 അധിക ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്. അടുത്ത വർഷങ്ങളിൽ സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡിനായി 10,000 ലോ-ഓർബിറ്റിങ് ഉപഗ്രഹങ്ങൾ വിന്യസിക്കും. പുതിയ സംവിധാനങ്ങൾ ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്രോഡ്‌ബാൻഡ് സേവനത്തിലേക്ക് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ അവരുടെ സ്മാർട് ഫോണുകൾ വഴി നേരിട്ട് കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ സഹായിച്ചേക്കും.

സിനെറ്റ് റിപ്പോർട്ട് അനുസരിച്ച് യുഎസ് നെറ്റ്‌വർക്ക് സേവനദാതാക്കളായ ടി-മൊബൈലിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി വിക്ഷേപിക്കുന്ന സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ‘ഡയറക്ട്-ടു-സെല്ലുലാർ’ ഹാർഡ്‌വെയർ ഉപയോഗിച്ച് ഘടിപ്പിക്കാനുള്ള അനുമതിക്കായി ഡിസംബർ 6ന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

യുഎസിന്റെ വിദൂര പ്രദേശങ്ങളിൽ മൊബൈൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിന് ഓഗസ്റ്റിൽ സ്‌പേസ് എക്‌സും ടി-മൊബൈലും കൈകോർത്തിരുന്നു. സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കും ടി-മൊബൈൽ മേധാവി മൈക്ക് സീവേർട്ടും സഹകരണം പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം സെൽഫോണുകളെ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കും. ഇതുവഴി സെൽ ടവറുകളുടെ ആവശ്യം ഇല്ലാതാക്കും. 2023 ന്റെ രണ്ടാം പകുതി മുതൽ ടെക്‌സ്‌റ്റ് മെസേജ് പിന്തുണയോടെ സേവനം ആരംഭിക്കുമെന്നും വോയ്‌സ്, ഡേറ്റാ സേവനങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ 7,500 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനുള്ള അനുമതി സ്‌പേസ് എക്‌സിന് ലഭിച്ചുവെന്ന് സിനെറ്റ് റിപ്പോർട്ട് പറയുന്നു. ഈ രണ്ടാം തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വൈകാതെ ഭ്രമണപഥത്തിലുള്ള 3,500 ഒന്നാം തലമുറ ഉപഗ്രഹങ്ങളിലേക്ക് കൂട്ടിച്ചേർക്കും. ഓഗസ്റ്റിൽ 46 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു.

സാറ്റലൈറ്റ് വഴി 2 ഗിഗാഹെട്‌സ് (2GHz) ഫ്രീക്വന്‍സി വഴി കൂടി ഇന്റര്‍നെറ്റ് നല്‍കാനുളള അനുമതി നല്‍കണമെന്നാണ് അവര്‍ എഫ്‌സിസിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. എവിടെയും കണക്ടിവിറ്റി വേണ്ടവര്‍ക്കു വേണ്ടിയാണ് ഇത്. ഇങ്ങനെ പ്രക്ഷേപണം ചെയ്യുന്ന ഇന്റര്‍നെറ്റിന് അതിനു മുന്നിലുള്ള പല പ്രതിബന്ധങ്ങളെയും ഭേദിക്കാനുള്ള കഴിവുണ്ടെന്നും പറയുന്നു. ചെറിയ ഉപകരണങ്ങളിലേക്ക് നേരിട്ട് എത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് സൂചന.

തങ്ങള്‍ എവിടെയാണോ അവിടെ ഇന്റര്‍നെറ്റ് ലഭിക്കാനാണ് ആളുകൾക്കു താത്പര്യം. അവര്‍ എന്തു ചെയ്തുകൊണ്ടിരിക്കുമ്പോഴും എപ്പോഴും ഇന്റര്‍നെറ്റ് വേണം. പ്രത്യേകിച്ചും സ്മാര്‍ട് ഫോണ്‍ വഴി കണക്ട് ചെയ്തിരിക്കാനാണ് ജനങ്ങൾക്ക് താത്പര്യമെന്നും സ്റ്റാര്‍ലിങ്ക് എഫ്‌സിസിക്കു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. അതേസമയം, ഇങ്ങനെ അയയ്ക്കുന്ന ഇന്റര്‍നെറ്റ് സിഗ്നലുകള്‍ നിലവിലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് നേരിട്ട് സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍, കയ്യില്‍ കൊണ്ടു നടക്കാവുന്ന ചെറിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കാം സ്മാര്‍ട് ഫോണുകളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുക. അത്തരം ഉപകരണങ്ങളെക്കുറിച്ച് സ്റ്റാര്‍ലിങ്കിന്റെ അപേക്ഷയില്‍ പറയുന്നുമുണ്ട്.

മസ്‌കിന്റെ കമ്പനി നല്‍കാനുദ്ദേശിക്കുന്ന 2 ജിഗാഹെട്‌സ് ഫ്രീക്വന്‍സി നേരിട്ട് സ്വീകരിക്കാന്‍ സ്മാര്‍ട് ഫോണുകള്‍ക്ക് സാധിച്ചേക്കില്ല. അതേസമയം, എവിടെയും കൊണ്ടുനടക്കാവുന്ന ചെറിയ ഉപകരണത്തെ ഇടനിലയ്ക്കു വച്ച് അതില്‍നിന്ന് സ്മാര്‍ട് ഫോണിലേക്ക് എത്തിക്കുക എന്നതായിരിക്കും ലക്ഷ്യം. ഈ ചെറിയ ഉപകരണത്തിന്റെ വലുപ്പം എത്രയായിരിക്കുമെന്ന് കമ്പനിയുടെ അപേക്ഷയില്‍ പറഞ്ഞിട്ടില്ലെന്നും അത് വലിയൊരു ഡിഷ് ആയേക്കില്ലെന്നും അനുമാനിക്കുന്നു. ഈ ഉപകരണവും സ്റ്റാര്‍ലിങ്ക് തന്നെ നിര്‍മിക്കും.

Please follow and like us:
Pin Share
Share this article:
Next Post: ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ആപ്പുമായി ഇലോണ്‍ മസ്‌ക് പുറത്താക്കിയവര്‍

December 18, 2022 - In Biz News