ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ കേരളത്തിൽ നിന്നു കോഴിക്കോട് മാത്രം
കോഴിക്കോട്∙ സാഹിത്യനഗര പദവിക്കു പിന്നാലെ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഇടംപിടിച്ച് കോഴിക്കോട് നഗരം. പുലരുവോളം സജീവമായ ബീച്ച്, ഏതു രാത്രിയിലും നിർഭയമായി സഞ്ചരിക്കാവുന്ന റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിലെ കുറവ്, ഉൾപ്രദേശങ്ങളിൽ പോലുമുള്ള പൊലീസ് പട്രോളിങ്, നഗരത്തിലെത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കാനുള്ള ഇടം തുടങ്ങി നഗരത്തിന് അഭിമാനിക്കാവുന്ന ഘടകങ്ങൾ ഏറെ.
20 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചു ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് കോഴിക്കോടിന്റെ നേട്ടം. ഒരു ലക്ഷം പേരിൽ എത്ര പേർ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിലെ ആദ്യ 10 നഗരങ്ങളിൽ കോഴിക്കോട് പത്താം സ്ഥാനത്തുണ്ട്.
കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഏക നഗരവും കോഴിക്കോടാണ്. ജില്ലാ ഭരണകൂടം, സിറ്റി പൊലീസ്, കോർപറേഷൻ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ കൂട്ടായ്മകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.